10:53pm 24 September 2026
NEWS
എ ഐയുടെ യഥാര്‍ഥ മൂല്യം ബിസിനസ് പ്രക്രിയകളുടെ പുനഃരൂപകല്‍പ്പനയിലെന്ന് കെ എം എ ഡിജിറ്റല്‍ സമ്മിറ്റില്‍ ഡോ. സജി ഗോപിനാഥ്
24/09/2026  07:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എ ഐയുടെ യഥാര്‍ഥ മൂല്യം ബിസിനസ് പ്രക്രിയകളുടെ പുനഃരൂപകല്‍പ്പനയിലെന്ന് കെ എം എ ഡിജിറ്റല്‍ സമ്മിറ്റില്‍ ഡോ. സജി ഗോപിനാഥ്
HIGHLIGHTS

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഡിജിറ്റല്‍ സമ്മിറ്റ് 2026 ലുലു ട്വിന്‍ ടവറില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു. ടോം ജോര്‍ജ്ജ്, അല്‍ജിയേഴ്സ് ഖാലിദ്, രാജേഷ് മേനോന്‍, ലേഖ ബാലചന്ദ്രന്‍ എന്നിവര്‍ സമീപം

കൊച്ചി: നിലവിലുള്ള ബിസിനസ് പ്രക്രിയകളിലേക്ക് നിര്‍മിതബുദ്ധി (എ ഐ) സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ക്കുന്നതിനു പകരം എ ഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി പ്രവര്‍ത്തനരീതികള്‍ തന്നെ പുനഃരൂപകല്‍പ്പന ചെയ്യണമെന്ന് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്. എ ഐയുടെ യഥാര്‍ഥ മൂല്യം സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ മാത്രമല്ല, അതിലൂടെ ബിസിനസ് പ്രക്രിയകളില്‍ വരുത്തുന്ന മാറ്റങ്ങളിലും സൃഷ്ടിക്കുന്ന ഫലങ്ങളിലുമാണെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഡിജിറ്റല്‍ സമ്മിറ്റ് 2026 ലുലു ട്വിന്‍ ടവറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ഐയുടെ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കപ്പുറം, അത് യഥാര്‍ഥത്തില്‍ മൂല്യം സൃഷ്ടിക്കുന്നുണ്ടോ, ബിസിനസ് രംഗത്ത് എങ്ങനെ നേട്ടമുണ്ടാക്കാം, അതിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ പരിശോധിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യക്തിഗത ആവശ്യങ്ങള്‍ക്കായി എ ഐ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ബിസിനസ് മേഖലയില്‍ അതിന്റെ നേട്ടങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എ ഐ ഉപയോഗിച്ചുള്ള പരീക്ഷണ പദ്ധതികളില്‍ (പി ഒ സി) വളരെ കുറച്ചെണ്ണം മാത്രമാണ് വ്യാപകമായി നടപ്പാക്കപ്പെടുന്നത്. മക്കിന്‍സി പഠനമനുസരിച്ച്, എ ഐ സ്വീകരിച്ചതിലൂടെ ഇബിഐടിഡിഎയില്‍ അഞ്ച് ശതമാനത്തിലധികം നേട്ടമുണ്ടായതായി സര്‍വേയില്‍ പങ്കെടുത്തവരില്‍ ആറു ശതമാനം പേര്‍ മാത്രമാണ് വ്യക്തമാക്കിയത്.

നിലവിലുള്ള പ്രവര്‍ത്തനരീതികള്‍ മാറ്റാതെ ഓട്ടോമേഷന്‍ നടപ്പാക്കിയാല്‍ പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ലെന്ന 36 വര്‍ഷം മുമ്പത്തെ ബിസിനസ് പ്രോസസ് റീഎന്‍ജിനീയറിങ് ആശയം ഓര്‍മിപ്പിച്ച അദ്ദേഹം എ ഐയുടെ കാര്യത്തിലും ഇതേ സമീപനം ആവശ്യമാണെന്ന് പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പഴയ രീതികള്‍ വേഗത്തിലാക്കുന്നതിനു പകരം പ്രവര്‍ത്തനപ്രക്രിയകളെ തന്നെ പുനഃപരിശോധിക്കണം.

അതേസമയം, എ ഐയുടെ പരാജയങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രവര്‍ത്തനരീതികളില്‍ മാറ്റം വരുത്താതെ പുതിയ സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ക്കുന്നത് പ്രതീക്ഷിച്ച ഫലം ലഭിക്കാതിരുന്നതിന്റെ പ്രധാന കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനറേറ്റീവ് എ ഐയില്‍നിന്ന് ഏജന്റിക് എ ഐയിലേക്കുള്ള മാറ്റം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുമുള്ള അധികാരം എ ഐക്ക് കൈമാറുമ്പോള്‍ സുരക്ഷയും ഉത്തരവാദിത്തവും നിര്‍ണായകമാകും. മനുഷ്യകേന്ദ്രീകൃതവും മൂല്യാധിഷ്ഠിതവുമായ സാങ്കേതികവിദ്യാ വിന്യാസം ലക്ഷ്യമിടുന്ന ഇന്‍ഡസ്ട്രി 5.0യുടെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ ഇടപെടലും കൃത്യമായി നിര്‍വചിക്കപ്പെടണം.

വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും എ ഐ ഉപയോഗത്തില്‍ പ്രധാനമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2027 മേയ് 13 മുതല്‍ ഡിപിഡിപി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വ്യക്തിഗത വിവരങ്ങള്‍ എ ഐ ഉപകരണങ്ങളിലേക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ സ്ഥാപനങ്ങളും ജീവനക്കാരും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞു. സുരക്ഷാ നിയന്ത്രണങ്ങളില്ലാതെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. നിയമലംഘനങ്ങള്‍ക്ക് 15 കോടി മുതല്‍ 250 കോടി രൂപ വരെ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ ഐയുടെ കാലത്ത് മനുഷ്യരെ വേറിട്ടുനിര്‍ത്തുന്ന പ്രധാന കഴിവ് ഉത്തരങ്ങള്‍ നല്‍കുന്നതിലല്ല, ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നതിലായിരിക്കുമെന്ന് ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. എ ഐ അറിവിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയതോടെ ചോദ്യങ്ങള്‍ രൂപപ്പെടുത്താനും കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനും കഴിയുന്നവര്‍ക്കാണ് കൂടുതല്‍ സാധ്യതകളുണ്ടാകുക. കുട്ടികളെ ഉത്തരങ്ങള്‍ നല്‍കാന്‍ മാത്രം പരിശീലിപ്പിക്കുന്ന വിദ്യാഭ്യാസരീതിയില്‍നിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.

കെ എം എ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനില്‍ ക്രൗഡ്സ്ട്രൈക്ക് ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് വൈസ് പ്രസിഡന്റ് രാജേഷ് മേനോന്‍ പ്രസംഗിച്ചു. 

കെ എം എ ഡിജിറ്റല്‍ സമ്മിറ്റി ചെയര്‍ ടോം ജോര്‍ജ്ജ് സ്വാഗതവും ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. 

ഓണ്‍ ദി ഗ്രൗണ്ട് ബിസിനസ് ലീഡേഴ്സ് പാനലില്‍ ഐ ഐ എം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസര്‍ പ്രൊഫ. ശ്രീജിത്ത് എ മോഡറേറ്ററായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് എമേര്‍ജിംഗ് ടെക്ക് ആന്റ് ആര്‍ക്കിടെക്ചര്‍ എ ജി എമ്മും ഹെഡ്ഡുമായ അമല്‍ ദേവ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി ഐ ഒ അനില്‍ മേനോന്‍, ട്രാന്‍സൈറ്റ് സിസ്റ്റംസ് സഹസ്ഥാപകന്‍ ഫിറോസ് റഹ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

ബിള്‍ട്ട് വിത്ത് എ ഐ സെഷനില്‍ ടി സി എസ് കൊച്ചി സെന്റര്‍ ഹെഡ് അരുണ്‍ നാരായണ്‍ മോഡറേറ്ററായിരുന്നു. ഓപ്റ്റിസോയി ബിസിനസ് സൊല്യൂഷന്‍സ് ആന്റ് ഒ2വെഞ്ചേഴ്സ് ചീഫ് ടെക്നോളജി ഓഫിസര്‍ കാര്‍ത്തിക് ചന്ദ്രന്‍, റോഷ് ഡോട്ട് എഐ സ്ഥാപകനും സി ഇ ഒയുമായ ഡോ. റോഷി ജോണ്‍ എന്നിവര്‍ സംസാരിച്ചു. 

ദി എ ഐ ക്ലിനിക്ക് സെഷനില്‍ കബോട്ട് സൊല്യൂഷന്‍സ് സഹ സ്ഥാപകനും സി ഇ ഒയുമായ വെങ്കടേഷ് ത്യാഗരാജന്‍ മോഡറേറ്ററായിരുന്നു. സൈബര്‍ഗ് മൈന്റ്സെറ്റ് പ്രൊഗ്രാം സ്ഥാപകനും സി ഇ ഒയുമായ അരുണ്‍ ജഗന്നാഥന്‍, എസ് എസ് കണ്‍സള്‍ട്ടിംഗ് സഹ സ്ഥാപകനും പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ അനീഷ് അരവിന്ദ്, സെക്വര്‍ടെക് സഹസ്ഥാപകനും സി ഇ ഒയുമായ പങ്കിത് ദേശായി എന്നിവര്‍ പങ്കെടുത്തു. 

ദി ഹ്യൂമന്‍ ലെയര്‍ സെഷനില്‍ ഗ്രീന്‍ പെപ്പര്‍ സി ഇ ഒ കൃഷ്ണകുമാര്‍ മോഡറേറ്ററായിരുന്നു. മുംബൈ എന്‍ എം ഐ എം എസ് ഡീംഡ് യൂണിവേഴ്സിറ്റി ഡാറ്റാ സയന്‍സ് പ്രൊഫസര്‍ ഡോ. സിബി അബ്രഹാം, എസ് എസ് കണ്‍സള്‍ട്ടിംഗ് സഹസ്ഥാപകനും പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ അനീഷ് അരവിന്ദ് എന്നിവര്‍ സംസാരിച്ചു. 

ഡിജിറ്റല്‍ സെക്യൂരിറ്റി ഇന്‍ ദി എ ഐ ഈറ എന്ന സെഷനില്‍ സെറോണ്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപകനും സി ഇ ഒടുമായ ജയേഷ് പുതുപറമ്പില്‍, സെക്വര്‍ടെക് സഹസ്ഥാപകനും സി ഇ ഒയുമായ പങ്കിത് ദേശായി, വിന്‍സ സൈബര്‍ സ്ഥാപകനും സി ഇ ഒയുമായ ശ്രീകുമാര്‍ നായര്‍, ജോണ്‍ ആന്റ് സ്മിത്ത് സൊല്യൂഷന്‍സ് സ്ഥാപകന്‍ ഡോ. ജോബി ചാക്കോ എന്നിവര്‍ സംസാരിച്ചു. 

സമാപന സെഷനില്‍ കേരള സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്സ് ആന്റ് എസ് എം ഇസ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്സ് ലീഡ് ഐ ടി സ്ട്രാറ്റജിസ്റ്റ് ശ്രീനാഥ് ജ്ഞാനേശ്വര്‍ സംസാരിച്ചു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img